Sections

ഒന്നാം പിറന്നാള്‍ ആഘോഷിച്ച് മഹീന്ദ്ര ഥാര്‍; ഇതുവരെ നേടിയെടുത്തത് 75,000 ബുക്കിംഗുകള്

Tuesday, Oct 05, 2021
Reported By Admin
mahindra dhar

ബുക്കിംഗ് ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇന്ന് 75,000 ബുക്കിംഗുകള്‍ നേടിയാണ് ഥാര്‍ കുതിക്കുന്നത്

 

ഇന്ത്യന്‍ വാഹന വ്യവസായത്തിന്റെ സമീപകാല ചരിത്രത്തില്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന വാഹന അരങ്ങേറ്റത്തിന് ഒരു വയസ് പൂര്‍ത്തിയായിരിക്കുകയാണ്. വേറാരുമല്ല, രണ്ടാംതലമുറ മഹീന്ദ്ര ഥാറിന്റെ കാര്യമാണീ പറയുന്നത്.

2020 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തിലാണ് എസ്യുവി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് 2020 ഒക്ടോബര്‍ രണ്ടിനാണ് വാഹന പ്രേമികളുടെ ആകാംക്ഷകളെ കൊടിമുടി കയറ്റി മഹീന്ദ്ര ഥാര്‍ എസ്യുവിക്കായുള്ള വില പ്രഖ്യാപനവും ഔദ്യോഗിക ബുക്കിംഗും കമ്പനി ആരംഭിക്കുന്നത്.

ബുക്കിംഗ് ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇന്ന് 75,000 ബുക്കിംഗുകള്‍ നേടിയാണ് ഥാര്‍ കുതിക്കുന്നത്. പുതുതലമുറ ഥാര്‍ സൂപ്പര്‍ ഹിറ്റ് ആയതോടെ മഹീന്ദ്രയുടെ പ്രതീക്ഷയും വാനോളമാണ്. ഓരോ മാസവും ശരാശരി 6,250-ല്‍ അധികം ഉപഭോക്താക്കള്‍ പുതിയ ഥാര്‍ ബുക്ക് ചെയ്യുന്നുവെന്നാണ് മഹീന്ദ്രയുടെ കണക്കുകള്‍.

എസ്യുവി വാങ്ങുന്നവരില്‍ 40 ശതമാനവും മില്ലേനിയം തലമുറയില്‍പെട്ടവരാണെന്നും മഹീന്ദ്ര പറയുന്നു. ഥാര്‍ വാങ്ങുന്നവരില്‍ 50 ശതമാനം ഓട്ടോമാറ്റിക് വേരിയന്റിനുള്ളതും 25 ശതമാനം പെട്രോള്‍ മോഡല്‍ തെരഞ്ഞെടുക്കുന്നതുമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന 4×4 വാഹനവും ഈ തട്ടുപൊളിപ്പന്‍ മോഡല്‍ തന്നെ.

എന്നാല്‍ വാഹന വ്യവസായത്തെ തകിടം മറിച്ച വിതരണ പ്രശ്‌നങ്ങള്‍ കാരണം ഡെലിവറി കണക്കുകള്‍ മാത്രം വളരെ പിന്നിലാണ്. ലോഞ്ച് ചെയ്തതിനുശേഷം പുതുതലമുറ ഥാറിന്റെ ഏകദേശം 26,000 യൂണിറ്റുകള്‍ മാത്രമാണ് 2021 ഓഗസ്റ്റ് വരെ കമ്പനിക്ക് കൈമാറാനായിരിക്കുന്നത്.

അതായത് ഥാര്‍ ബുക്ക് ചെയ്ത 50,000 ഉപഭോക്താക്കള്‍ ഇപ്പോഴും ഥാര്‍ എസ്യുവിക്കായുള്ള ഡെലിവറിക്കായി കാത്തിരിക്കുന്നുവെന്ന് സാരം. ഈയിടെ ഓഫ്-റോഡറിന്റെ ഏറ്റവും വലിയ ശത്രുവായ ഫോഴ്സ് ഗൂര്‍ഖയുടെ പുതിയ തലമുറ വിപണിയില്‍ എത്തിയതോടെ വരും മാസങ്ങളില്‍ മത്സരം കൊഴുക്കുമെന്ന് ഉറപ്പാണ്.

നിര്‍ദ്ദിഷ്ട ഘടകങ്ങളുടെ വിതരണ ശൃംഖലയുടെ പ്രധാന തടസവും കമ്പനിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സെമികണ്ടക്ടറുകളുടെ ആഗോള ക്ഷാമമാണ് മറ്റൊരു പ്രധാന വെല്ലുവിളി. വാഹനത്തിനായുള്ള കാത്തിരിപ്പ് കാലാവധി കുറയ്ക്കുന്നതിനായി 2021 ജനുവരി മുതല്‍ പ്രതിമാസം 3,000 യൂണിറ്റുകള്‍ നിര്‍മാക്കാനാണ് മഹീന്ദ്ര തീരുമാനിച്ചിരുന്നത്. കൊവിഡ് മഹാമാരി ഇന്ത്യന്‍ വാഹന വിപണിയെ പ്രതികൂലമായി ബാധിച്ചപ്പോഴും സൂപ്പര്‍ ഹിറ്റായി മുന്നേറിയ വാഹനമാണ് മഹീന്ദ്ര ഥാര്‍.

ഥാര്‍ വീട്ടിലെത്തിക്കാന്‍ ഇത്രയും പ്രതിസന്ധികള്‍ മുന്നിലുണ്ടെങ്കിലും എസ്യുവി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണത്തില്‍ ഒരു കുറവുമില്ലെന്നു വേണം പറയാന്‍. സമ്പൂര്‍ണ ഓഫ്-റോഡര്‍ എസ്യുവിയില്‍ നിന്നും ലൈഫ്-സൈറ്റല്‍ സമീപനം സ്വാകരിച്ചതാണ് മഹീന്ദ്ര ഥാര്‍ ഇത്രയും വലിയ വിജയമായി തീരാന്‍ കാരണമായത്.

ഥാറിന്റെ പരുക്കന്‍ രൂപം, ആധിപത്യം പുലര്‍ത്തുന്ന റോഡ് സാന്നിധ്യം, സമഗ്രമായ സവിശേഷതകള്‍, ഓഫ്-റോഡിംഗ് കഴിവുകള്‍, ശക്തമായ എഞ്ചിന്‍ ഓപ്ഷനുകള്‍ എന്നീ കാരണങ്ങളും വിജത്തിന് ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇതോടൊപ്പം ആക്രമണാത്മകമായ വില നിര്‍ണയവും എസ്യുവിയെ ജനഹൃദയങ്ങളിലേക്ക് അടുപ്പിച്ചിട്ടുണ്ട്.

നിലവില്‍ 12.11 ലക്ഷം രൂപയില്‍ ആരംഭിച്ച് 14.16 ലക്ഷം വരെയാണ് പുതിയ ഥാറിന്റെ എക്‌സ്‌ഷോറൂം വില. 2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നിങ്ങനെ രണ്ട് വ്യത്യസ്ത എഞ്ചിന്‍ ഓപ്ഷനുകളിലാണ് പുതിയ മഹീന്ദ്ര ഥാര്‍ നിരത്തിലെത്തുന്നത്.

2.0 ലിറ്റര്‍ എംഹോക്ക് 130 പെട്രോള്‍ എഞ്ചിന്‍ പരമാവധി 150 bhp കരുത്തില്‍ 300 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അതേസമയം എംസ്റ്റാലിയന്‍ ഡീസല്‍ എഞ്ചിന്‍ 130 bhp പവറും 300 Nm torque ഉം ആണ് വികസിപ്പിക്കുക. എസ്യുവിയുടെ ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ ആറ്-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് യൂണിറ്റുകളാണ് തെരഞ്ഞെടുക്കാന്‍ സാധിക്കുക.

4×4 സിസ്റ്റവും എസ്യുവിയില്‍ സ്റ്റാന്‍ഡേര്‍ഡായാണ് സമ്മാനിച്ചിരിക്കുന്നത്. കൂടാതെ മൂന്ന് ഡ്രൈവ് മോഡുകളുള്ള ട്രാന്‍സ്ഫര്‍ കേസും മഹീന്ദ്ര ഥാറില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ എസ്യുവിക്ക് ഹാര്‍ഡ്-ടോപ്പ് ഫിക്‌സഡ് മേല്‍ക്കൂരയും സോഫ്റ്റ്-ടോപ്പ് കണ്‍വേര്‍ട്ടിബിള്‍ മേല്‍ക്കൂരയും ഉപയോഗിച്ച് യഥേഷ്ടം തെരഞ്ഞെടുക്കാം.

എല്‍ഇഡി ഡിആര്‍എല്‍, അലോയ് വീലുകള്‍, ഹാര്‍ഡ് റൂഫ്ടോപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ISOFIX മൗണ്ടുകളുള്ള ഫോര്‍വേഡ് ഫേസിംഗ് റിയര്‍ സീറ്റുകള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സംയോജനമുള്ള ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേകള്‍ എന്നീ സവിശേഷതകളും ഥാറില്‍ അണിനിരത്തിയിട്ടുണ്ട്.

പോരാത്തതിന് ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ 4-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും പുതിയ ഥാറിന് ലഭിച്ചിട്ടുണ്ട്. പുതുതുതലമുറ എസ്യുവിയുടെ അഞ്ച് ഡോര്‍ പതിപ്പിലും കമ്പനി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. 2023 ഓടെ പുതിയ മോഡല്‍ വിപണിയില്‍ എത്തിക്കാനാണ് മഹീന്ദ്രയുടെ പദ്ധതി. ബ്രാന്‍ഡ് ആവഷ്‌കരിച്ചിട്ടുള്ള ഭാവി പദ്ധതിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കും വലിയ പരിഗണനയാണ് നല്‍കിയിട്ടുള്ളത്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.